...വാൻ ഗോഗ്‌

പ്രിയ വാൻ ഗോഗ്‌ ,
മുറിച്ചു വാങ്ങിയ നിന്റെ കാതുകളിൽ നിന്നും 
ഒലിച്ചു വീണ ചുടു ചോരയുടെ ഓർമ്മയിൽ 
എന്റെ സൂര്യകാന്തികൾ ഞെട്ടിയുണരുന്നു..... 
അവ ചുവന്നു തുടുക്കുന്നു ....

പിൻവിളി കേൾക്കാതെ


ഹൃദയം തകർന്നു  വിളിച്ചതാണ് , കേട്ടില്ല !
ആരോടും മിണ്ടാതെ , യാത്ര പോലും പറയാതെ 
ഒരുപിടി  എള്ളും പൂവുമായ്  നദിയിലേക്കൊഴുകിപ്പോയി 


കളഞ്ഞു പോയത്



പരാജിതമായ ഒരു ജീവിതത്തിന്റെ 
ആർത്ത നാദം 
മൗനത്തിന്റെ  ഭാഷയിൽ  മുഴങ്ങാറുണ്ട്  ഇവിടെ .... 
ചതിയിൽ  പൊതിഞ്ഞ സൗഹൃദത്തിന്റെ  
മധുരപലഹാരം  
ഇവിടെ  ചിതറിക്കിടക്കുന്നത്  കാണുമ്പോൾ 
കറുത്ത കൂട്ടുകാരീ  
നിന്റെ  കണ്ണിലെ ആഴങ്ങളിലെ
  ഇനിയും പിടി തരാത്ത  ഒരായിരം
  കരിങ്കൽ  പാളയങ്ങൾ ഞാൻ കാണുന്നു ...... 
എങ്കിലും  
അറുത്തെടുത്ത  പെരുവിരലിന്റെ  ഓർമ്മയിൽ  
ഞെട്ടിയുണരുമ്പോൾ
 ഇവിടെ   കാണുന്ന കാല്പ്പാടുകൾ  
വിദ്യയെ വന്ധ്യംകരിച്ചൊരു 
ഗുരുവിന്റെ കഥ പറയുന്നത് കേൾക്കുമ്പോഴാണെൻറെ
  അസ്വാസ്ഥ്യങ്ങൾ  അത്രയും .....


ഈ ഇടനാഴിയിൽ വിറങ്ങലിച്ചു നില്ക്കുന്ന 
സ്വപ്നങ്ങളുണ്ട്  , പ്രണയമുണ്ട് 
വിസ്മരിക്കപ്പെട്ട  നിശബ്ദ വിപ്ലവ  കാവ്യങ്ങളുണ്ട് ....
അക്കങ്ങൾക്കിടയിൽ  മറഞ്ഞുപോയ  അക്ഷരങ്ങൾ ,
അലിഖിത സംഹിതകളോട്  കലഹിച്ച  ഒരു 
രക്തസാക്ഷിയുടെ  നരച്ച സിദ്ധാന്തങ്ങളെ  മായ്ച്ചു 
വെള്ള  പൂശിയ  ചുവരുകൾ  
ഇവിടെയാണ്‌  എനിക്കെന്നെ  കളഞ്ഞു  പോയത് ....


യാത്ര


 കാഴ്ച്ചകൾ  നിഷേധിക്കപ്പെട്ട  ഒരു കോട്ടയിൽ നിന്നും 
നിന്നെ തിരഞ്ഞുള്ള യാത്ര  സഹസ്രാബ്ധങ്ങൾക്കും  മുമ്പേ 
തുടക്കമിട്ടതായിരുന്നു ......

പ്രാരബ്ധം

തിരിച്ചു വരവുകൾക്കു  വേണ്ടി അലമുറയിടുന്ന ,
 ആറടി മണ്ണിൽ  ദ്രവിച്ചു  ചേർന്ന  ഒരായിരം മുഖങ്ങൾ ...... 
ചിതയിൽ കത്തിയെരിഞ്ഞ്‌  നദിയിൽ  ഒഴുകി പോയവ .....
പ്രാരബ്ധതിന്റെ  കർമ്മ  കാണ്ഡം  പേറി  
മണ്ണിൽ  നിന്നും പൊട്ടി മുളച്ചവ ..... 
അന്നമായ്  ആത്മാവായ്  വീണ്ടും 
 ഗർഭ ഗൃഹത്തിലെ  ഇരുളിലേക്ക്  ......